വ്യാവസായിക മേഖലയിൽ ഉപയോഗിക്കുന്നതിന് ഇന്ത്യയിൽ ബൗദ്ധിക സ്വത്തവകാശം സൃഷ്ടിക്കേണ്ടത് രാജ്യത്തിന്റെ മുന്നേറ്റത്തിന് പ്രധാനമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്-വിവരസാങ്കേതിക വിദ്യ മന്ത്രാലയം സെക്രട്ടറി എസ് കൃഷ്ണൻ. തിരുവനന്തപുരം സി – ഡാക് ടെക്നോപാർക്ക് ക്യാമ്പസിലെ തദ്ദേശീയ ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം നിർവഹിച്ച ശേഷം വ്യാവസായിക പങ്കാളിയുമായുള്ള ധാരണാപത്ര കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
സ്വാശ്രയത്വം നേടുന്നത്തിനായി നിർണായക സാങ്കേതിക വിദ്യകൾ ഇന്ത്യയിൽ വികസിപ്പിക്കേണ്ടതുണ്ട്. ഈ മേഖലയിൽ മുൻപന്തിയിലെത്താൻ യുവജനങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു .തിരുവനന്തപുരത്തെ സി -ഡാക് വെള്ളയമ്പലം ക്യാമ്പസിലെ ഹാർഡ്വെയർ എമുലേഷൻ ഫെസിലിറ്റിയും എസ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു .
സി -ഡാകിന്റെ പ്രവർത്തനങ്ങളും അദ്ദേഹം വിലയിരുത്തി . വ്യവസായ പ്രതിനിധികളുമായുള്ള ധാരണാപത്രം ഒപ്പിടലും സാങ്കേതിക വിദ്യാ കൈമാറ്റവും , സി -ഡാക് വികസിപ്പിച്ച ഉൽപ്പന്നങ്ങളുടെ ലോഞ്ചിങ്ങും ശ്രീ എസ് കൃഷ്ണൻ്റെ സാന്നിധ്യത്തിൽ നടന്നു.കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി മന്ത്രാലയത്തിലെയും , സി ഡാകിലെയും ഉന്നത ഉദ്യോഗസ്ഥർ , വ്യവസായ പ്രതിനിധികൾ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.