കൊച്ചി: ഇന്ത്യയിലെ മുന്‍നിര സ്വകാര്യമേഖലാ ബാങ്കുകളില്‍ ഒന്നായ ആര്‍ബിഎല്‍ ബാങ്ക് പുതിയ ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ‘ഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട്’ അവതരിപ്പിച്ചു. ലളിതമായ നടപടിക്രമങ്ങളിലൂടെ ആരംഭിക്കാനാവുന്നതും ഏളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതുമായ ഈ സീറോ ബാലന്‍സ് അക്കൗണ്ട് എല്ലാ പ്രായത്തിലുള്ള ഉപയോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതാണ്.

 

ഇത് 7.5 ശതമാനം വരെയുള്ള ഉയര്‍ന്ന വാര്‍ഷിക പലിശ നിരക്ക്, പ്രീമിയം ഡെബിറ്റ് കാര്‍ഡ്, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 1500 രൂപ വിലമതിക്കുന്ന വൗച്ചര്‍, സമഗ്ര സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ, ഒരു കോടി രൂപ വരെയുള്ള അപകട, യാത്രാ ഇന്‍ഷുറന്‍സ്, സൗജന്യ സിബില്‍ റിപ്പോര്‍ട്ട്, നിരവധി പ്രീമിയം ബാങ്കിങ് സേവനങ്ങള്‍ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ഇവയെല്ലാം 1999 രൂപയുടെ (നികുതി പുറമെ) വാര്‍ഷിക വരിസംഖ്യയില്‍ ഒറ്റപാക്കേജായി ലഭ്യമാകും. ഒരു വര്‍ഷത്തിന് ശേഷം അക്കൗണ്ട് പുതുക്കുന്നതിന് 599 രൂപയും നികുതിയും നല്‍കിയാല്‍ മതി. പാന്‍ നമ്പറും ആധാര്‍ വിവരങ്ങളും നല്‍കി ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ അക്കൗണ്ട് ആരംഭിക്കാനാകും.

 

ഗോ ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് മികച്ച മൂല്യമുള്ള നിരവധി സേവനങ്ങള്‍ ലഭ്യമാക്കികൊണ്ട് പരമ്പരാഗത, ഡിജിറ്റല്‍ ബാങ്കിങ് സംവിധാനങ്ങള്‍ക്കിടയിലെ വിടവ് നികത്തുമെന്നും ഒരു വലിയ ഉപയോക്തൃ വിഭാഗത്തിലേക്ക് ഡിജിറ്റല്‍ ബാങ്കിങ് സൗകര്യം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ആര്‍ബിഎല്‍ ബാങ്ക് ബ്രാഞ്ച്, ബിസിനസ് ബാങ്കിങ് മേധാവി ദീപക് ഗധ്യാന്‍ പറഞ്ഞു.