കൊച്ചി : ലോക ഒപ്റ്റോമെട്രി ദിനത്തിന്റെ ഭാഗമായി അമൃത ആശുപത്രി ഓഫ്‍താൽമോളജിയിലെ ഒപ്റ്റോമെട്രി വിഭാഗം, കുട്ടികൾക്കായി ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ വെച്ച് ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 70 ഓളം വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. വിദ്യാർത്ഥികളെ വയസ്സിന്റെ അടിസ്ഥാനത്തിൽ മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം.

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടന്ന ലോക ഒപ്‌റ്റോമെട്രി ദിനാചരണത്തിന്റെ ഉദ്ഘാടനം എളമക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ്.എം.എം. നിർവഹിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും നടന്നു.

കുട്ടികളിൽ ഉണ്ടാവുന്ന നേത്രരോഗങ്ങളും , കാഴ്ച വൈകല്യങ്ങളും ചികിൽസിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് അമൃത ആശുപത്രിയിലെ അഡിഷണൽ അസ്സോസിയയേറ്റ് പ്രൊഫസറും , പീഡിയാട്രിക് ഓഫ്‍താൽമോളജിസ്റ്റുമായ ഡോ. പ്രവീണ ശ്യാ൦ ബോധവൽക്കരണ ക്ലാസ് എടുത്തു. വർധിച്ചു വരുന്ന ഇലക്ട്രോണിക് സ്ക്രീൻ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചു ഒപ്‌റ്റോമെട്രി വിഭാഗം വിദ്യാർഥികൾ നൃത്ത നാടകം അവതരിപ്പിച്ചു. അമൃത ആശുപത്രി ഓഫ്‍താൽമോളജി വിഭാഗം മേധാവി ഡോ. ഗോപാൽ. എസ്. പിള്ള, ഡോ. മനോജ് പ്രതാപൻ, ഡോ. സുചിത്ര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അമൃത ആശുപത്രിയിലെ ഒപ്‌റ്റോമെട്രിസ്റ് അഖില ദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സീനിയർ ഒപ്‌റ്റോമെട്രിസ്റ് ദീപ. പി.എ. നന്ദി പ്രകാശിപ്പിച്ചു.