അംശദായ കുടിശ്ശിക കാരണം പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയില്‍ അർഹത നഷ്ടപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ ഗഫൂര്‍ പി ലില്ലീസ് അറിയിച്ചു.
അർഹത നഷ്ടപ്പെട്ട അംഗങ്ങൾ മുഖ്യമന്ത്രിക്കും, പ്രവാസി ക്ഷേമനിധി ബോർഡിനും, സർക്കാറിനും സമർപ്പിച്ച നിവേദനങ്ങളിൽ മാനുഷിക പരിഗണന മുൻനിർത്തിയാണ് തീരുമാനം. 2025 ഒക്ടോബർ 1 മുതൽ 2026 ജനുവരി 31 വരെ പെൻഷൻ തീയതിയിൽ ഒരു വർഷത്തിൽ താഴെ അംശദായ കുടിശ്ശിക ഉണ്ടായിരുന്ന അംഗങ്ങൾക്കാണ് ഈ അവസരം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
അത്തരത്തിലുള്ള അംഗങ്ങൾക്ക് കുടിശ്ശിക തുക അടച്ചുതീർക്കുന്നതിനു 2026 ഫെബ്രുവരി 28 വരെ അവസരമുണ്ട്. ഈ സമയപരിധിക്കുളളില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി പെൻഷൻ അപേക്ഷ സമർപ്പിക്കേണ്ടതുമാണ്.
2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒരു ക്ഷേമനിധി അംഗം പെൻഷൻ അർഹത നേടുന്നതിന്, പെൻഷൻ തീയതിക്കുള്ളിൽ അംഗത്വകാലയളവിൽ ബാധകമായ എല്ലാ അംശദായങ്ങളും അടച്ചുതീർക്കേണ്ടതാണെന്നും ഗഫൂര്‍ പി ലില്ലീസ് പറഞ്ഞു.


