കൊച്ചി: മദ്രാസ് ഇന്‍റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്‍റ് കപ്പ് എന്‍എസ്എഫ്250ആര്‍ 2023 സീസണില്‍ ചാമ്പ്യന്‍ പട്ടം നേടി കാവിന്‍ ക്വിന്‍റല്‍. സീസണില്‍ 9 റേസുകള്‍ ജയിച്ചാണ് ഹോണ്ട റേസിങ് ഇന്ത്യ ടീമിന്‍റെ 18കാരനായ ചെന്നൈക്കാരന്‍റെ നേട്ടം.
അവസാന റൗണ്ടിലെ രണ്ടാം റേസിലും തിളക്കമാര്‍ന്ന പ്രകടനമാണ് ഹോണ്ട ഇന്ത്യ ടീമിന്‍റെ യുവ റൈഡര്‍മാര്‍ നടത്തിയത്. എന്‍എസ്എഫ്250ആര്‍ വിഭാഗത്തില്‍ അവസാനത്തെ 8 ലാപ് റേസുകള്‍ 15:09.312 സമയത്തില്‍ പൂര്‍ത്തിയാക്കി ഒന്നാമനായ കാവിന്‍ ക്വിന്‍റല്‍, സീസണില്‍ ആകെ 175 പോയിന്‍റുകളും സ്വന്തമാക്കി. ഫൈനല്‍ റൗണ്ടിലെ ആദ്യ റേസിലും കാവിനായിരുന്നു ജയം.
വാശിയേറിയതായിരുന്നു രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കുള്ള മത്സരം. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവില്‍ ജോഹാന്‍ ഇമ്മാനുവല്‍ 15:14.912 സെക്കന്‍റ് സമയത്തില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 0.062 സെക്കന്‍ഡിന്‍റെ വ്യത്യാസത്തിലാണ് മലയാളി താരം മുഹ്സിന് പി രണ്ടാം സ്ഥാനം നഷ്ടമായത്. 15:14.974 സമയത്തിലാണ് താരം മത്സരം പൂര്‍ത്തിയാക്കിയത്.
ഈ സീസണിലെ തങ്ങളുടെ യുവ ചാമ്പ്യന്‍മാരുടെ പ്രകടനത്തില്‍ സന്തുഷ്ടരാണെന്ന് 2023 സീസണിനെ കുറിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ യോഗേഷ് മാത്തൂര്‍ പറഞ്ഞു. ഈ വര്‍ഷം ടീമിന് പുതിയ നേട്ടങ്ങള്‍ കൈവന്നു, വിലപ്പെട്ട പാഠങ്ങളും ഉള്‍ക്കൊണ്ടു. അത് വരാനിരിക്കുന്ന സീസണില്‍ തങ്ങളുടെ റൈഡര്‍മാരുടെ പ്രകടനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.