കോട്ടയം മെഡിക്കൽ കോളേജിൽ ന്യൂമോതൊറാക്സ് എന്ന രോഗത്തിന്റെ ചികിത്സയ്ക്കുശേഷം ആരും ഏറ്റെടുക്കാനില്ലാത്തതിനാൽ കോന്നി ഗവ. മെഡിക്കൽ കോളേജിലേക്ക് അയച്ച കുഞ്ഞിരാമൻ എന്ന
വയോധികന്റെ സംരക്ഷണം എലിയറയ്ക്കൽ ഗാന്ധിഭവൻ ഏറ്റെടുത്തു.
തുടർചികിത്സയ്ക്കു ശേഷവും ആഴ്ചകളായിട്ടും ആരും ഇദ്ദേഹത്തെ ഏറ്റെടുക്കാൻ എത്താത്ത സാഹചര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ വിവരം അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹത്തെ ഏറ്റെടുത്തത്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ ആർ.എസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ. ഷാജി, പി.ആർ.ഒ. അനു കെ. രാജ് എന്നിവരുടെയും മറ്റു ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ കോന്നി ഗാന്ധിഭവൻ വികസന സമിതി വൈസ് ചെയർപേഴ്സണും കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ അനി സാബു തോമസ്, എക്സിക്യൂട്ടീവ് അംഗം കോന്നി വിജയകുമാർ, സാമൂഹിക പ്രവർത്തകൻ സലിൽ വയലാത്തല, ഗാന്ധിഭവൻ
സേവനപ്രവർത്തകരായ സൂസൻ തോമസ്, രാജൻ രാഘവൻ, കൈരളി സുനിൽ എന്നിവർ ചേർന്ന് കുഞ്ഞിരാമനെ ഗാന്ധിഭവൻ ദേവലോകത്തിലേക്ക് ഏറ്റെടുത്തു.
ഏകദേശം 75 വയസ്സ് പ്രായം തോന്നിക്കുന്ന ഇദ്ദേഹത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇദ്ദേഹത്തെ അറിയുന്നവർ 9605873000 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് കോന്നി ദേവലോകം ഡയറക്ടർ എസ്. അജീഷ് അറിയിച്ചു.