പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല ഇന്ന് നടക്കും. രാവിലെ 10.30 ഓടെ അടുപ്പ് വെട്ട് ചടങ്ങിന് ശേഷം പണ്ഡാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 1.15നാണ് നിവേദ്യ ചടങ്ങ്. ആയിരങ്ങളാണ് അനന്തപുരിയിലേക്ക് പൊങ്കാല സമർപ്പണത്തിനായി എത്തിയത് . വിപുലമായ ക്രമീകരണങ്ങളാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. പൊങ്കാലയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളെല്ലാം പൂർത്തിയായി . വിശ്വാസികൾക്ക് പൊങ്കാല സമർപ്പണത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് .
30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. ഇന്ന് (മാർച്ച് 13) തിരുവനന്തപുരം ജില്ലയ്ക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
ഭക്തജനങ്ങൾ വഴിയരികിൽ കുടിവെള്ളമോ ഭക്ഷണമോ വിതരണം ചെയ്യുന്നുണ്ടെങ്കിൽ അവ പൂർണ്ണമായും ഭക്ഷ്യയോഗ്യമായതും വൃത്തിയുമുളളതുമാണെന്ന് ഉറപ്പുവരുത്തുക. ഭക്ഷണം വിതരണം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഗ്ലാസ്സുകളും കഴുകി ഉപയോഗിക്കാൻ പറ്റുന്നതായിരിക്കണം. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലേറ്റുകളും ഗ്ലാസുകളും പൂർണ്ണമായും ഒഴിവാക്കുക.
പൊങ്കാലയർപ്പിക്കാൻ വരുന്ന ഭക്തജനങ്ങൾ സ്റ്റീൽ പ്ലേറ്റുകളും ഗ്ലാസുകളും മാത്രം ഉപയോഗിക്കുക. എന്തെങ്കിലും പാഴ്വസ്തുക്കൾ അവശേഷിക്കുന്നുണ്ടെങ്കിൽ അവ തിരികെ കൊണ്ടുപോയി ഹരിത കർമ്മസേനയെ ഏൽപ്പിക്കുക.
ആത്മസംതൃപ്തിയ്ക്കായി അർപ്പിക്കുന്ന പൊങ്കാല പ്രകൃതിയ്ക്കും സന്തോഷം മാത്രം നൽകട്ടെ.പ്രകൃതിയോടുള്ള ആദരവും വലിയ ഒരു പുണ്യപ്രവൃത്തിയാണ്. അതിനായി ഈ ഹരിത പൊങ്കാലയിൽ ഹരിതചട്ടങ്ങൾ പാലിച്ച് പ്രകൃതിയെ വേദനിപ്പിക്കാതെ അണിചേരാം.
എല്ലാവർക്കും പൊങ്കാല ആശംസകൾ
ശുചിത്വ പൊങ്കാല, പുണ്യ പൊങ്കാല