അറിവായ കാലം മുതല്‍ കോന്നി മുതുപേഴുങ്കല്‍ , കൊല്ലംപടി മേഖലയില്‍ മണ്ണില്‍ പണിയെടുത്തു മാതൃകയായ കോന്നി അരുവാപ്പുലം മുതുപേഴുങ്കല്‍ മണ്ണില്‍ പുത്തന്‍ വീട്ടില്‍ വാസു എന്ന ജനതയുടെ വാസു അച്ഛൻ ( (102)നിര്യാതനായി . വാര്‍ധക്യം ശരീരത്തെ ബാധിച്ചു എങ്കിലും കാര്‍ഷിക മനസ്സ് ചെറുപ്പമായിരുന്നു . ഇന്ന് വെളുപ്പിനെ ആണ് നിര്യാതനായത് .

സൂര്യന്‍ ഉദിക്കുമ്പോള്‍ മുതല്‍ ചുട്ടി തോര്‍ത്തും പാള തൊപ്പിയും ധരിച്ചു മൂവന്തി വരെ മണ്ണില്‍ പണിയെടുക്കും . ഈ മേഖലയിലെ മിക്ക മണ്ണിന്‍റെയും മണം ആ ചുട്ടി തോര്‍ത്തില്‍ നിറഞ്ഞു നിന്നു .

പാടങ്ങളില്‍ വിത്തെറിഞ്ഞു നൂറുമേനി വിളവു കൊയ്യുന്ന വാസുവച്ചന്‍ നൂറു വയസ്സ് പിന്നിട്ടിട്ടും കൈതൂമ്പ താഴെ വെച്ചില്ല . മേഖലയില്‍ ഇന്ന് കാണുന്ന പച്ചപ്പ്‌ വാസുവച്ചന്‍റെ ചെറു പ്രായത്തില്‍ നട്ട് പിടിപ്പിച്ച മര തൈകള്‍ ആണ് . കൊല്ലന്‍പടി രാധപ്പടി റോഡിലൂടെ സഞ്ചരിച്ചവര്‍ ഒരു പ്രാവശ്യം എങ്കിലും വാസുവച്ചനെ കണ്ടിരിക്കും .

മികച്ച കര്‍ഷകന് ഉള്ള പുരസ്ക്കാരം സര്‍ക്കാര്‍ നല്‍കിയില്ല എങ്കിലും ജന മനസ്സുകളുടെ അംഗീകാരം വാസു അച്ഛൻ നേടിയിരുന്നു . ജനകീയ ഇടപെടല്‍ ഉണ്ടായതോടെ അരുവാപ്പുലം കൃഷി ഭവന്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു . സംസ്ഥാനത്തെ ആദ്യത്തെ സ്മാർട്ട് കൃഷിഭവൻ അരുവാപ്പുലത്തിന്‍റെ ഉദ്ഘാടന ചടങ്ങിൽ മികച്ച കർഷകനായി കൃഷി മന്ത്രിപി.പ്രസാദ് വാസു അച്ഛനെ വേദിയില്‍ വെച്ച് ആദരിച്ചു .

സമൂഹത്തിനാകെ മാതൃകയായ വാസുവച്ചന് ആദരാഞ്ജലികള്‍