യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.
യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു.
യുദ്ധമുഖത്ത് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമപ്രവർത്തകർ തങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള റിപ്പോർട്ടിംഗ് രീതികൾ ഒഴിവാക്കണം. ബ്രേക്കിംഗ് ന്യൂസുകൾ നൽകാനുള്ള തിടുക്കത്തിൽ വാർത്തകളുടെ വിശ്വാസ്യത നഷ്ടപ്പെടരുത്. റിപ്പോർട്ട് ചെയ്യുന്ന വിഷയത്തിനും അതിലെ മനുഷ്യർക്കുമാണ് എപ്പോഴും പ്രാധാന്യം നൽകേണ്ടത്. യുദ്ധസമയത്ത് ലഭിക്കുന്ന വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്ന് സ്ഥിരീകരിച്ചു മാത്രമേ വാർത്തകൾ നൽകാവൂ.
ആക്ടിവിസവും ജേണലിസവും രണ്ടാണെന്ന ബോധ്യമുണ്ടാവണം. സംഘർഷ മേഖലയിലെ മാധ്യമ പ്രവർത്തനം സാഹസികതയല്ല മറിച്ച് കൃത്യമായ മുൻകരുതലുകളോടെ ചെയ്യേണ്ട ഉത്തരവാദിത്തമാണെന്നും അവർ അഭിപ്രായപ്പെട്ടു.
എളിമയും സഹാനുഭൂതിയുമാണ് ഒരു കോൺഫ്ലിക്റ്റ് റിപ്പോർട്ടർക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങൾ. യെമനിലെ കുഴിബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ കുട്ടിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ നേരിട്ട ധാർമ്മിക പ്രതിസന്ധികൾ അവർ വിവരിച്ചു.
വാർത്തകൾക്ക് വേണ്ടി മനുഷ്യത്വവിരുദ്ധമായ ദൃശ്യങ്ങൾ പകർത്താതിരിക്കാൻ മാധ്യമപ്രവർത്തകർ ശ്രദ്ധിക്കണം. വാർത്താമുറികളിൽ പെൺകുട്ടികളുടെ സാന്നിധ്യം വർധിച്ചുവരുന്നത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണെന്നും അഞ്ജന ശങ്കർ കൂട്ടിച്ചേർത്തു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി വി സുഭാഷ് സംസ്ഥാന മാധ്യമ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. ഐ പി ആർ ഡി അഡിഷണൽ ഡയറക്ടർ കെ ജി സന്തോഷ് സ്വാഗതവും അഡിഷണൽ ഡയറക്ടർ വി പി പ്രമോദ് കുമാർ നന്ദിയും അറിയിച്ചു.
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സെക്രട്ടറി ബി അഭിജിത്, ജില്ലാ പ്രസിഡന്റ് ഷില്ലർ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെയും സ്ഥാപനങ്ങളിലെയും മാധ്യമ വിദ്യാർത്ഥികൾ പങ്കെടുത്തു



